‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു

photo-blog-release

കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ‘ടര്‍ബുലന്റ് ലെന്‍സ്’ ചിത്രപ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്് പ്രദര്‍ശനചിത്രങ്ങളടങ്ങിയ ബ്ലോഗിന്റെ പ്രകാശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ ജയിംസ് ആര്‍പ്പൂക്കര, പി. വിശ്വനാഥ്, വി. ആലി, പി. മുസ്തഫ, പി. രാമചന്ദ്രന്‍, ചോയിക്കുട്ടി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വൈസ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് എന്നിവര്‍ സമീപം .

കോഴിക്കോട് :  കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ തിരഞ്ഞെടുത്ത 120 വാര്‍ത്താ ചിത്രങ്ങളടങ്ങിയ ‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനചിത്രങ്ങളടങ്ങിയ ബ്ലോഗിന്റെ calicutphotos.blogspot.in പ്രകാശനത്തോടെയായിരുന്നു സമാപനം. കഴിഞ്ഞ പ്രദര്‍ശനത്തിലെയും കൂടി 250ഓളം ഫോട്ടോകളാണ് ബ്ലോഗിലുണ്ടാകുക. സംഭവങ്ങളുടെ ത്രിമാനതലങ്ങള്‍ വാക്കുകള്‍ക്കപ്പുറത്തേക്ക് എത്തിക്കുന്ന മികച്ച ചിത്രങ്ങളാണ് ബ്ലോഗിലുള്ളത്. ഫോട്ടോജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് ഈ ചിത്രങ്ങള്‍ പഠനത്തിനു ഏറെ പ്രയോജകരമായിരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രദര്‍ശനം കണ്ടിറങ്ങിയ മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞിരുന്നു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ ചോയിക്കുട്ടി, പി. വിശ്വനാഥ്, പി. മുസ്തഫ, വി. ആലി, ജയിംസ് ആര്‍പ്പൂക്കര, പി. രാമചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ആദരം ഏറ്റുവാങ്ങിയ ഫോട്ടോഗ്രാഫര്‍മാരും മേയറുമാണ് ബ്ലോഗിന്റെ പ്രകാശനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും പ്രദര്‍ശനം കണ്ടവരുടെ ആവശ്യമാണ് ബ്ലോഗ് എന്ന ആശയം നടപ്പാക്കിയത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് ഇവ ഡൗണ്‍ലോഡും ചെയ്യാം. അ?ഞ്ച് ദിവസം നീണ്ടു നിന്ന പ്രദര്‍ശനം കാണാന്‍ ഒട്ടേറെപ്പേരാണ് എത്തിയത്. അടുത്തതായി ബെംഗുളുരുവിലെ സ്വകാര്യ കോളജില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ പഠനത്തിനായി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി വിട്ടുതരുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ ദ സ്‌പോട്ട് ഫോട്ടോഗ്രാഫി മല്‍സരത്തില്‍ വിജയിച്ച എന്‍.പി. ജയന്‍ സ്‌കൂള്‍ ഓഫ് ഫോട്ടോജേര്‍ണലിസത്തിലെ വിദ്യാര്‍ഥി കെ. വിശ്വജിത്തിനു മേയര്‍ സമ്മാനം നല്‍കി. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം കണ്‍വീനര്‍ റസല്‍ ഷാഹുല്‍ ബ്ലോഗ് പരിചയപ്പെടുത്തി. ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം കണ്‍വീനര്‍ രാജേഷ് മേനോന്‍, ഇ.പി. മുഹമ്മദ്, കെ.എസ്. പ്രവീണ്‍ കുമാര്‍, രമേശ് കോട്ടൂളി എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

kuwj-sammelanm-eranakulam

കൊച്ചി: കോടതിയില്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്നത് നിയമ ലംഘനമാണ്. അഭിഭാഷകര്‍ അതിരുവിട്ടാല്‍ അത് തടയാന്‍ സര്‍ക്കാറിന് ഇടപെടേണ്ടി വരും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ അമ്പത്തിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല. കോടതി ഈ രാജ്യത്തിന്റേതാണ്. ജുഡീഷ്യറിക്കാണ് കോടതി നടത്തിപ്പിന്റെ അവകാശം. ആ അവകാശം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞു. പത്ര നടത്തിപ്പ് രാജ്യ സേവനമായിരുന്നു. ഇന്നത് ബിസിനസായി മാത്രം മാറുന്നു. പത്രപ്രവര്‍ത്തനത്തിലും മൂല്യത്തകര്‍ച്ചയുണ്ടായിരിക്കുന്നു. ഇത് പരിഹരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം.

‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വാര്‍ത്താ ചിത്ര പ്രദര്‍ശനം ‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീനിവാസന്റെ ഫോട്ടോ എടുത്തുകൊണ്ട് പുനലൂര്‍ രാജന്‍ ‘ടര്‍ബുലന്റ് ലെന്‍സ്’ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. എക്‌സിബിഷന്‍ കണ്‍വീനര്‍ റസല്‍ ഷാഹുല്‍ പ്രദര്‍ശനത്തെ കുറിച്ച് ആമുഖപ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് ശരത്ചന്ദ്രന്‍ ആശംസ അറിയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും കണ്‍വീനര്‍ രാജേഷ് മേനോന്‍ നന്ദിയും പറഞ്ഞു.
പ്രദര്‍ശനം 17 വരെ. പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രഫര്‍മാരുടെ തിരഞ്ഞെടുത്ത 120 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.exhibition-inaugurationexhibition-photos-7exhibition-photos-7exhibition-photos-26exhibition-photos-20

കോടതിയിലെ മാധ്യമവിലക്കിന് ജഡ്ജിമാര്‍ക്കും പങ്ക്: ഡോ. സെബാസ്റ്റിയന്‍ പോള്‍

madhyama-seminar

‘മീഡിയ ഫ്രീഡം’ ഏകദിന സെമിനാര്‍- ഉദ്ഘാടനം ശ്രീ. സബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിക്കുന്നു. ശ്രീ.എന്‍. രാജേഷ്. പി.എ. അബ്ദുള്‍ ഗഫൂര്‍, കമാല്‍ വരദൂര്‍, എന്‍.പി. രാജേന്ദ്രന്‍. അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, പി. വിപുല്‍ നാഥ് എന്നിവര്‍ വേദിയില്‍

കോഴിക്കോട്: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നില്‍ ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍. രാജ്യചരിത്രത്തിലില്ലാത്ത രീതിയിലുള്ള മാധ്യമ വിലക്കിന് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്.  കോടതികളിലെ മാധ്യമ വിലക്കിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍. ഭരണനിര്‍വഹണവും നീതിന്യായ വ്യവസ്തയും ഇന്ന് മാധ്യമപ്രവര്‍ത്തനത്തിനെതിരാണ്.
മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യം മന:സമാധാനമുണ്ടാക്കുന്നുണ്ടെന്നാണ് ഒരു യോഗത്തില്‍ ഹൈകോടതിയിലെ ജഡ്ജി അഭിപ്രായപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍  വ്യാപകമായ ശ്രമമുണ്ടായിരുന്നു. എന്നാല്‍,  വാര്‍ത്താ ശേഖരണത്തിനും എഴുത്തിനും തടസമുണ്ടായിരുന്നില്ല. അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം.  ഇന്ന് വാര്‍ത്താശേഖരണത്തിനുപോലും അനുവദിക്കുന്നില്ല. വാര്‍ത്തകളെ അവയുടെ സ്രോതസില്‍ തന്നെ തടയുകയാണ്. ഇപ്പോള്‍ കോടതികളില്‍ ജനങ്ങള്‍ക്കു വേണ്ടി നിരീക്ഷിക്കാന്‍ മാധ്യമങ്ങളില്ല. കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തു കളിക്കും കൂട്ടുനില്‍ക്കുന്ന  ജഡ്ജിമാരുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് കോടതികളില്‍ നിശബ്ദ ഒത്തുകളികള്‍ വ്യാപകമാണ്.  മാധ്യമങ്ങള്‍ക്ക് കോടതിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് കാരണം മാധ്യമങ്ങള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ പ്രശ്‌നമൊന്നുമുണ്ടായിട്ടില്ല.ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍  ഒറ്റ പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല.  അതേസമയം നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണെന്നും അതിന്റെ ഗൗരവം വളരെ വലുതാണെന്നും  ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അഭിഭാഷകരെ താന്‍ ഗുണ്ടകളെന്ന് വിളിച്ചുവെന്നായിരുന്നു തനിക്കെതിരെ അഭിഭാഷക സംഘടനക്കാര്‍ ഉന്നയിച്ച ആരോപണം.എന്നാല്‍ താന്‍ അന്ന് അങ്ങിനെ വിളിച്ചിട്ടില്ല. എന്നാല്‍ ഇന്ന് താന്‍ അഭിഭാഷക ഗുണ്ടകളെന്ന് വിളിക്കുകയാണ്.ഇപ്പോള്‍ അനുരഞ്ജനത്തിനായി ജഡ്ജിമാരും അഭിഭാഷകരും തയ്യാറാക്കിയ വ്യവസ്ഥ പ്രകാരം കോടതി റിപ്പോര്‍ട്ട് സാധ്യമാകില്ല. നമ്മുടെ സ്വാതതന്ത്ര്യം ജഡ്ജിമാരെ ആശ്രയിച്ചല്ലെന്ന് ഓര്‍ക്കണം. കോടതികളിലെ മാധ്യമ  വിലക്ക് ആസൂത്രണം ചെയ്തതാണെന്ന് അന്വേഷിക്കണമെന്നും ഡോ സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.

ന്യായാധിപന്‍മാര്‍ ആഗ്രഹിക്കുന്നത് കൈയടി മാത്രമാണെന്നും സമൂഹത്തിന്റെ ചാലക ശക്തികളാവേണ്ട രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള വെല്ലുവിളി ജനങ്ങള്‍ക്കു ദോഷം മാത്രമേ ചെയ്യുവെന്നും തുടര്‍ന്ന് സംസാരിച്ച അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്‍.പി. രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും ട്രഷറര്‍ പി. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.

ഉയര്‍ത്തിപ്പിടിക്കുക മാധ്യമ സ്വാതന്ത്ര്യം

സെബാസ്റ്റിയന്‍ പോള്‍

കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 15 ന് എറണാകുളത്ത് നടക്കുകയാണല്ലോ… ‘അറിയാനുള്ള അവകാശം വിലക്കുന്നവര്‍ക്കെതിരെ നാവുമരമായി മാറുക’ എന്നതാണ് നമ്മുടെ സമ്മേളന മുദ്രാവാക്യം. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുളള സമീപകാല കടന്നു കയറ്റം നമ്മുടെ തൊഴില്‍ മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെ ആസ്പദമാക്കി “മീഡിയ ഫ്രീഡം” എന്ന പേരില്‍ ഏകദിന സെമിനാര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുകയാണ്. ഒക്ടോബര്‍ 12ന് ബുധന്‍ രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ പ്രമുഖ കോളമിസ്റ്റും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ ശ്രി.സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകന്‍ പി.എസ് ശ്രീധരന്‍ പിള്ള, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട്് പി.എ. അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

വാര്‍ത്താ ചിത്ര പ്രദര്‍ശനം ‘ടര്‍ബുലന്റ് ലെന്‍സ്’ ഒക്ടോബര്‍ 13 മുതല്‍ 17 വരെ

ബ്രോഷര്‍ നടന്‍ ശ്രീനിവാസന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്തുകൊണ്ട് പ്രകാശനം ചെയ്യുന്നു.

ബ്രോഷര്‍ നടന്‍ ശ്രീനിവാസന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്തുകൊണ്ട് പ്രകാശനം ചെയ്യുന്നു.

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്നവാര്‍ത്താ ചിത്ര പ്രദര്‍ശനം ടര്‍ബുലന്റ് ലെന്‍സ് 13 മുതല്‍ 17 വരെ കോഴിക്കോട് ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. പത്ര സ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ തെരഞ്ഞെടുത്ത 120 വാര്‍ത്താ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ബ്രോഷര്‍ നടന്‍ ശ്രീനിവാസന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്തുകൊണ്ട് പ്രകാശനം ചെയ്തു.

ഒളിമ്പിക്‌സ്: റിപ്പോര്‍ട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെച്ചു

oilimbians

ഒളിമ്പിക്‌സ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

കോഴിക്കോട്: ബ്രസിലീലെ റിയോയില്‍ നടന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കമാല്‍ വരദൂര്‍ (പ്രസിഡണ്ട്, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ്; ചന്ദ്രിക), എം. ഫിറോസ്ഖാന്‍ (മാധ്യമം), കെ.വിശ്വനാഥ് (മാതൃഭൂമി), മനോജ് തെക്കേടത്ത് (മലയാള മനോരമ) എന്നിവരാണ് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ തങ്ങളുടെ ഒളിമ്പിക്‌സ് അനുഭവങ്ങള്‍ പങ്ക് വെച്ചത്. സെക്രട്ടറി എന്‍. രാജേഷ് അദ്ധ്യക്ഷനായിരുന്നു.

മുഷ്താഖ് അവാര്‍ഡ് വി.കെ.സഞ്ജുവിനും മുസ്തഫ അബൂബക്കറിനും

mushtaq award

വികെ സഞ്ജു, മുസ്തഫ അബൂബക്കർ

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ മുഷ്താഖ് സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡിന് മെട്രോ വാര്‍ത്ത കൊച്ചി ന്യൂസ് എഡിറ്റര്‍ വി.കെ. സഞ്ജുവും സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് മാധ്യമം മലപ്പുറം സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കറും അര്‍ഹരായി. പഴയകാല സ്‌പോര്‍ട്‌സ് ലേഖകന്‍ പി.എ. മുഹമ്മദ് കോയയെന്ന മുഷ്താഖിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്
അവാര്‍ഡ്.

എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഡോ. എം. കെ. മുനീര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ എ. പ്രദീപ് കുമാര്‍ എം.എല്‍.എ., മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് മുസ്തഫ
അബൂബക്കറിനെ ഫോട്ടോഗ്രാഫി അവാര്‍ഡിന് തെരഞ്ഞെടുത്തത്്. 2015 നവംബര്‍ 28ന്
‘കൈവിടില്ല, മനോവീര്യം’ എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച പടത്തിനാണ്
അവാര്‍ഡ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡ്, മുഷ്താഖ് അവാര്‍ഡ് (2013)
സി.കെ. ജയകൃഷ്ണന്‍ ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം കൊച്ചന്നൂരിലെ മറവഞ്ചേരി അബൂബക്കറിന്റേയും സുഹറ
യുടേയും മകനാണ്. ഭാര്യ:ഡോ.റോഷ്‌നി മുസ്തഫ.

2015 ജനുവരി അഞ്ച് മുതല്‍ ഒമ്പത് വരെ മെട്രോ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച
‘കേരളത്തിന്റെ കോമണ്‍ വെല്‍ത്ത്’ എന്ന പരമ്പരക്കാണ് സഞ്ജുവിന് അവാര്‍ഡ്. മുതിര്‍ന്ന
സ്‌പോര്‍ട്‌സ് ലേഖകരായ ഭാസി മലാപ്പറമ്പ്, മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി.പി.
വിജയകൃഷ്ണന്‍, മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റായിരുന്ന വി.എന്‍. ജയഗോപാല്‍
എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. മീഡിയ ഫെസ്റ്റ് സ്‌പോര്‍ട്‌സ് അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. പത്തനംതിട്ട കുമ്പഴ വലിയകാലായില്‍ വി.എന്‍.
കമലാസനന്റെയും വസന്തയുടെയും മകനാണ്. ചന്ദിരൂര്‍ അല്‍ അമീന്‍ പബ്ലിക് സ്‌ക്കുള്‍
അധ്യാപിക ലിയയാണ് ഭാര്യ. മകള്‍ കൃഷ്ണ.

അവാര്‍ഡ് ജൂലൈ ആദ്യവാരം സമ്മാനിക്കുമെന്ന് പ്രസ്സ് ക്ലബ് പ്രസിഡന്റ്് കമാല്‍ വരദൂരും സെക്രട്ടറി എന്‍. രാജേഷും അറിയിച്ചു.

പ്രസ്സ് ക്ലബ്ബ്: കെ.സി. മാധവകുറുപ്പ് അവാര്‍ഡ് എം. ജയതിലകന്

M. Jayathilakanകോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ 2015ലെ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കെ.സി. മാധവകുറുപ്പ് അവാര്‍ഡിന് മംഗളം ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍
എം. ജയതിലകന്‍ അര്‍ഹനായി. 2015 ഡിസംബര്‍ 21 മുതല്‍ 25 വരെ മംഗളത്തില്‍ പ്രസിദ്ധീകരിച്ച ‘നദികള്‍ക്കു ബലിയിടാം’ എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹമായതെന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ അറിയിച്ചു.

പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും മലയാളം സര്‍വകലാശാല പി.ആര്‍.ഒ യുമായ ടി. വേലായുധന്‍, മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ് ബാബു, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയരക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തി പത്രവും
അടങ്ങുന്നതാണ് അവാര്‍ഡ്.

ജൈവ വൈവിധ്യബോര്‍ഡിന്റെ പരിസ്ഥിതി അവാര്‍ഡ്, എറണാകുളം പ്രസ്സ് ക്ലബ്ബും
പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ഘടകവും ഏര്‍പ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തക അവാര്‍ഡ്, കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ
പരിസ്ഥിതി അവാര്‍ഡ് എന്നിവയും ഈ പരമ്പര നേടി.

കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി സ്വദേശി. ഭാര്യ ടി.കെ. ജിത (വട്ടോളി ബസാര്‍
വനിതാ സഹകരണ സംഘം), താമരശ്ശേരി അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനി അനാമിക തിലക് മകള്‍.

അവാര്‍ഡ് ദാനം ജൂലൈ രണ്ടാം വാരത്തില്‍. മാതൃഭൂമി മുന്‍ ചീഫ് റിപ്പോര്‍ട്ടറായിരുന്ന മാധവകുറിപ്പിന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ്: തെരുവത്ത് രാമന്‍ അവാര്‍ഡ് പ്രൊഫ. കെ. യാസീന്‍ അഷ്‌റഫിന്

61117512-49e1-472f-9745-3e2c616d4b55കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ 2015 ലെ തെരുവത്ത് രാമന്‍ അവാര്‍ഡിന് മാധ്യമം ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കെ. യാസീന്‍ അഷ്‌റഫ് അര്‍ഹനായി. മികച്ച മുഖ പ്രസംഗത്തിന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 2015 സെപ്തംബര്‍ 15ന് മാധ്യമം പ്രസിദ്ധീകരിച്ച ‘പ്രതിരാഷ്ട്രീയത്തിന്റെ വിപ്ലവനാമ്പുകള്‍’ എന്ന മുഖ പ്രസംഗമാണ് അവാര്‍ഡിന് അര്‍ഹമായതെന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂരും സെക്രട്ടറി എന്‍.രാജേഷും അറിയിച്ചു. മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലത്തിലുളളതാണ് മുഖപ്രസംഗം.

കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും പ്രശസ്ത കോളമിസ്റ്റുമായ എന്‍. പി. രാജേന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി.ജെ. മാത്യു, കോയ മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ്ങ്
കമ്മറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്.

കോഴിക്കോട് ഫറൂഖ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ മികച്ച അധ്യാപകനുളള പ്രൊ. എം.എം.ഗനി അവാര്‍ഡ്, മികച്ച മുഖപ്രസംഗത്തിനുളള മുട്ടത്തുവര്‍ക്കി പുരസ്‌കാരം, പന്തളം രാമവര്‍മ്മ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മാധ്യമം ആഴ്ചപ്പതിപ്പിലും മീഡിയാവണ്‍ ചാനലിലും മീഡിയാസ്‌കാന്‍ എന്ന കോളം പതിവായി ചെയ്തുവരുന്നു.

പെരിന്തല്‍മണ്ണ സ്വദേശിയാണ്. ഭാര്യ: മുഹ്‌സിന, മക്കള്‍: അഹ്‌സാന്‍ അബ്ദുളള, അസ്ഹര്‍ ശാഗിദ്, ഹുസ്‌ന സുമയ്യ, അമീന്‍ ഇഹ്‌സാന്‍.

പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
അവാര്‍ഡ് ദാനം ജൂലൈ രണ്ടാം വാരം നടക്കും.