നവ മാധ്യമങ്ങളെ ഭീഷണിയായി കാണരുത്: സി രാധാകൃഷ്ണന്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയെ ഭീഷണിയായി കാണാതെ അതിന്റെ സാധ്യതകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ വില്‍പനക്കുള്ളതാകുമ്പോള്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയും കാലിക്കറ്റ് പ്രസ്‌ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ‘മീഡിയ നാളെ’ എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മാധ്യമവും മറ്റൊരു മാധ്യമത്തിന്  ഭീഷണിയല്ല. സാങ്കേതികരംഗത്ത് വളര്‍ച്ചയുണ്ടാകുന്നതനുസരിച്ച് മാധ്യമരീതികളില്‍ മാറ്റം വരുന്നു. മുന്‍ കാലങ്ങളില്‍ ആകാശവാണിയായിരിക്കും പത്രങ്ങളുടെ പ്രചാരം കുറക്കുകയെന്ന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ആകാശവാണി പ്രചാരം കൂടിയതിനൊപ്പം പത്രങ്ങളുടെ പ്രചാരവും കൂടി. പിന്നീട് ടിവിയുടെ പ്രചാരത്തോടെ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവിനേയും പത്രങ്ങള്‍ ആശങ്കയോടെ കണ്ടു. എന്നാല്‍ ഇതിനേയും അതിജീവിച്ചു. ഇപ്പോള്‍ നവമാധ്യമങ്ങള്‍ കടന്നുവരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ വ്യവസായമായി മാറിയെങ്കിലും സോഷ്യല്‍ മീഡിയയുടെ രംഗപ്രവേശത്തോടെ നവമാധ്യമങ്ങള്‍ക്കു സ്വയം മാധ്യമസ്ഥാപനമായി മാറാനുള്ള സൗകര്യവും സാഹചര്യങ്ങളുമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ടൊക്കെ മാധ്യമപ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദാഹത്തിന്റെ, സാമൂഹ്യപരിഷ്‌കരണത്തിന്റെ കടമകളാണ് നിര്‍വഹിച്ചതെങ്കില്‍ ഇന്ന് പ്രഫഷണലിസത്തിന്റെ കടന്നുവരവോടെ സൂക്ഷ്മതയേക്കാള്‍ ഇംപാക്ടിനാണ് പ്രധാന്യമെന്ന സ്ഥിതി കൈവന്നിരിക്കുന്നു. സംഘടിതമായ മാധ്യമപ്രവര്‍ത്തനം വ്യവസായമായതോടെ വാര്‍ത്ത ഒരു ഉല്‍പന്നമായി മാറി. നല്‍കുന്ന വാര്‍ത്തകള്‍ വായിക്കാനോ വില്‍ക്കാനോ എന്നതായി സ്ഥിതി. ഇതോടെ  വായനക്കാരനേയും പത്രപ്രവര്‍ത്തകരേയും നിയന്ത്രിക്കുന്ന അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ത്തകളുടെ സത്യസന്ധത ഉറപ്പുവരുത്തേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ ആത്യന്തിക ഉത്തരവാദിത്തമാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു.
കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, ഏഷ്യാനെറ്റ് റീജ്യണല്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, മെല്‍ജോ തോമസ് ക്ലാസെടുത്തു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ജോ.സെക്രട്ടറി കെ സി റിയാസ് നന്ദിയും പറഞ്ഞു.
സമാപന സെഷനില്‍ ക്യാമ്പ് ഡയരക്ടര്‍ കൂടിയായ എന്‍ പി ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. ഐ സി ജെ ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്‍, പ്രസ്‌ക്ലബ്ബ് ട്രഷറര്‍ പി വിപുല്‍നാഥ്, വൈസ് പ്രസിഡന്റ് ഇ പി മുഹമ്മദ് സംസാരിച്ചു.

ബാബു ഭരദ്വാജ് അനുസ്മരണം ഇന്ന് പ്രസ്‌ക്ലബ്ബില്‍

കോഴിക്കോട്: അന്തരിച്ച പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജ് അനുസ്മരണം ഇന്ന് 12.30ന് കോഴിക്കോട് പ്രസ്‌ക്ലബ് ഹാളില്‍ നടക്കും. ബുധനാഴ്ച രാത്രിയായിരുന്നു ബാബു ഭരദ്വാജിന്റെ അന്ത്യം.

പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘു നോവല്‍), പപ്പറ്റ് തിയേറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, കബനീനദി ചുവന്നത് (നോവല്‍), പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍, പ്രവാസത്തിന്റെ മുറിവുകള്‍, കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, പഞ്ചകല്യാണി അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ‘കലാപങ്ങള്‍ക്കൊരു ഗൃഹപാഠം’ എന്ന നോവലിന് 2006ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബൂദാബി ശക്തി അവാര്‍ഡ്, യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പ്

കോഴിക്കോട്: വേനലവധി കാലത്ത് അംഗങ്ങളുടെ മക്കള്‍ക്കായി കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന രംഗത്ത് തനത് മുദ്ര പതിപ്പിച്ച കേരള ഫുട്‌ബോള്‍ ട്രെയിനിംഗ് സെന്ററിന്റെ (കെ എഫ് ടി സി) സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
1999 ജനുവരി ഒന്ന് മുതല്‍ 2009 ഡിസംബര്‍ 31 വരെ ജനിച്ച കുട്ടികള്‍ക്കാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ്. ദേവഗിരി കോളജില്‍ ഏപ്രില്‍ നാല് മുതലാണ് ക്യാമ്പ് ആരംഭിക്കുക.
മുന്‍ ഇന്ത്യന്‍ പരിശീലകനും കേരള സന്തോഷ് ട്രോഫി ടീം പരിശീലകനുമായ വി എ നാരായണ മേനോന്‍, ടെക്‌നിക്കല്‍ അഡൈ്വസറും കേരള പോലീസ് ടീം പരിശീലകന്‍ സി ഷിംജിത്, മുന്‍ മോഹന്‍ബഗാന്‍ താരം പി നിയാസ് റഹ്മാന്‍, മുന്‍ ബി എസ് എന്‍ എല്‍ സംസ്ഥാന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ പ്രസാദ് വി ഹരിദാസന്‍ തുടങ്ങിയ വിദഗ്ധരാണ് ക്യാമ്പ് നയിക്കുക.
ഓരോ കുട്ടിയില്‍ നിന്നും ആയിരം രൂപയാണ് കെ എഫ് ടി സി ക്യാമ്പ് ഫീയായി ഈടാക്കുന്നത്. പ്രസ് ക്ലബ്ബ് വഴി പങ്കെടുക്കുന്നവര്‍ക്ക് ഇത് 500 രൂപയായിരിക്കും. ഇത് അംഗങ്ങള്‍ വഹിക്കണം. ക്യാമ്പിനുള്ള ജഴ്‌സി പ്രസ് ക്ലബ്ബ് നല്‍കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 31ന് മുമ്പ് പ്രസ് ക്ലബ്ബില്‍ 500 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം: നഗരത്തില്‍ പ്രതിഷേധ പ്രകടനം

kuwj
കോഴിക്കോട്: മുതലക്കുളത്ത് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത സി പി എം പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് എല്‍ ഐ സി കോര്‍ണറില്‍ ചേര്‍ന്ന പ്രതിഷേധ യോഗം യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ്, ഷാജഹാന്‍ കാളിയത്ത്, ഷുക്കൂര്‍, കെ ബാലകൃഷ്ണന്‍, യൂനിയര്‍ ട്രഷറര്‍ വിപുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.

അവാര്‍ഡുകള്‍ പണക്കൊഴുപ്പിന് പിന്നാലെ: ടി.എ റസാഖ്

509dc65b-401e-4f82-912e-bbe1bf0b8445
കോഴിക്കോട്: അവാര്‍ഡു കമ്മറ്റിക്കാരും പണക്കൊഴുപ്പിന്റെ ആഘോഷവുമായെത്തുന്ന സിനിമകള്‍ക്ക് പിന്നാലെയാണെന്ന് സിനിമാ തിരക്കഥാകൃത്ത് ടി.എ റസാഖ്. ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച മൂന്നാംനാള്‍ ഞായറാഴ്ച എന്ന സിനിമയെ കുറിച്ച് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഉദാഹരണം മാത്രം മതി ഇക്കാര്യത്തിലെ താല്‍പര്യങ്ങള്‍ മനസ്സിലാക്കാന്‍. രഞ്ജിത് സംവിധാനം ചെയ്ത ഞാന്‍ എന്ന സിനിമയില്‍ മികച്ച പ്രകടനം നടത്തിയിട്ടും പുരസ്‌കാരങ്ങള്‍ക്കൊന്നും ദുല്‍ഖറിനെ ആരും പരിഗണിച്ചില്ല.
മോഹന്‍ലാല്‍ മുമ്പ് അവതരിപ്പിച്ച പാറ്റേണിലുള്ള ഡാനിയിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്. ഇത്രയൊക്കെ മതിയെന്ന് അദ്ദേഹത്തിന് തോന്നാന്‍ മാത്രമേ ഇതുതകുകയുള്ളൂ. പ്രതിഫലം പോലും വാങ്ങാതെ സുഖമായിരിക്കട്ടെ എന്ന നിലയില്‍ അസാമാന്യ പ്രകടനം നടത്തിയ സിദ്ദീഖിനെ തഴഞ്ഞത് നീതീകരിക്കാവുന്നതല്ല. ഇത്തരം സമീപനങ്ങള്‍ തുടരുന്നത് അവാര്‍ഡില്‍ വിശ്വാസം നഷ്ടപ്പെടുത്തും. മലയാള സിനിമയെ വിലയിരുത്താന്‍ യോഗ്യരായ വിധികര്‍ത്താക്കളെ ലഭിക്കാനില്ലാത്ത അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ഫിലിം ക്ലബ് കണ്‍വീനര്‍ എ.വി ഫര്‍ദിസ് സ്വാഗതം പറഞ്ഞു.

ആവേശക്കടലില്‍ റൊണാള്‍ഡീഞ്ഞോ

കോഴിക്കോട്:കാല്‍പ്പന്തുകളിയുടെ ഇതിഹാസം റോണാള്‍ഡീഞ്ഞോക്ക് സിരകളില്‍ ഫുട്‌ബോള്‍ ലഹരിയുമായി ജീവിക്കുന്നവരുടെ നാട്ടില്‍ രാജകീയ വരവേല്‍പ്പ്. സ്വപ്‌നത്തിലെന്ന പോലെ മുന്നിലേക്കെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ കോഴിക്കോടന്‍ ശൈലിയില്‍ തന്നെ ആരാധകര്‍ സ്‌നേഹം കൊണ്ട് വിര്‍പ്പുമുട്ടിച്ചു. ഇന്നലെ വൈകിട്ട് ആറിന് കോഴിക്കോട് കടപ്പുറത്ത് എത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും 7.20 ഓടെയാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ ജനസാഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പൊള്ളുന്ന വെയില്‍ച്ചൂട് കാര്യമാക്കാതെ ഉച്ചയോടെ തന്നെ പതിനായിരങ്ങള്‍ കടപ്പുറത്ത് എത്തിച്ചേര്‍ന്നു. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ മറികടക്കുന്ന രീതിയിലുള്ള ഒഴുക്കിന് തന്നെയാണ് കടപ്പുറം സാക്ഷ്യം വഹിച്ചത്. 7.20 ഓടെ സ്വതസിദ്ധമായ ചിരിയോടെ വേദിയിലേക്ക് റോണാള്‍ഡീഞ്ഞോ നടന്നുകയറിയപ്പോള്‍ എല്ലാ അതിരുകളും ആവേശത്തിന് മുന്നില്‍ പൊട്ടിച്ചിതറി. ആയിരത്തോളം വരുന്ന പോലീസുകാരുടെ നിയന്ത്രണങ്ങള്‍ക്കും ഫുട്‌ബോള്‍ ഇതിഹാസത്തോടുള്ള ആവേശത്തെ പിടിച്ചുനിര്‍ത്താനായില്ല. പലപ്പോഴും പോലീസിന് ലാത്തി വീശേണ്ടിവന്നു. സ്റ്റേജില്‍ അര മണിക്കൂര്‍ മാത്രമേ ചെലവഴിച്ചുള്ളൂവെങ്കിലും ഈ സമയമത്രയും തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് കൈവീശി അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു റോണാള്‍ഡീഞ്ഞോ. തനിക്ക് മുന്നിലുള്ള ജനസഞ്ചയത്തെ കൂടെ ചേര്‍ത്ത് സെല്‍ഫിയെടുക്കാനും താരം സമയം കണ്ടെത്തി. ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വഴി ഇന്നലെ രാവിലെ 10ന് കരിപ്പൂരിലെത്തിയ റൊണാഡീഞ്ഞോക്ക് വിമാനത്താവളത്തില്‍ ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. റോണാള്‍ഡീഞ്ഞോയെ കാണാന്‍ റോഡിന് ഇരുവശവും നൂറ് കണക്കിനാളുകളാണ് രാവിലെ മുതല്‍ കാത്തു നിന്നത്. കടവ് റിസോര്‍ട്ടില്‍ വിശ്രമിച്ച ശേഷമാണ് വൈകിട്ട് കടപ്പുറത്ത് എത്തിച്ചേര്‍ന്നത്. ഒരു കാലത്ത് മലബാറിന്റെ ഫുട്‌ബോള്‍ ആവേശമായ നാഗ്ജി ട്രോഫിക്ക് രണ്ട് പതിറ്റാണ്ടിന് ശേഷം തുടക്കം കുറിക്കാനിയരുന്നു റോണാള്‍ഡീഞ്ഞോയെത്തിയത്. നാഗ്ജി ട്രോഫി സേഠ് നാഗ്ജിയുടെ കുടംബാംഗങ്ങളില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങുകയും ഫുട്‌ബോള്‍ സ്ഘാടകര്‍ക്ക് കൈമാറുകയും ചെയ്തു. സേഠ് നാഗ്ജിയുടെ കുടംബാംഗങ്ങളായ സന്ദീപ് മേത്ത, നിമീഷ് മേത്ത, ചിരാഗ് മേത്ത, മനോജ് മേത്ത എന്നിവരാണ് ട്രോഫി റൊണാള്‍ഡീഞ്ഞോക്ക് കൈമാറിയത്. മോദിയാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, എ പ്രദീപ്കുമാര്‍ എം എല്‍ എ, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സിദ്ദീഖ് അഹമ്മദ്, ഫുട്‌ബോള്‍ ഫോര്‍ പീസ് സ്ഥാപകന്‍ കാഷിഫ് സിദ്ദീഖി സംബന്ധിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് വയസ്സുകാരന്‍ അനസിന് റോണാള്‍ഡീഞ്ഞോ തന്റെ ഒപ്പുപതിപ്പിച്ച ഫുട്‌ബോള്‍സമ്മാനിച്ചു. 7 50 മണിയോടെ വേദിയില്‍ നിന്നിറങ്ങിയ റോണാള്‍ഡീഞ്ഞോ താമസമൊരുക്കിയ കടവ് റിസോര്‍ട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ ഒമ്പതിന് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിക്കുന്ന റോണാള്‍ഡീഞ്ഞോ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്കും അവിടെ നിന്ന് ദുബൈയിലേക്കും മടങ്ങും.

വരിസംഖ്യ പുതുക്കേണ്ട അവസാന തീയതി ഡിസംബര്‍ 15

പത്രപ്രവര്‍ത്തക യൂണിയന്റെ 2015െല വാര്‍ഷിക വരിസംഖ്യ അടക്കേണ്ട സമയമായി. 500 രൂപയാണ് വരിസംഖ്യ. മുഴുവന്‍ അംഗങ്ങളും ഡിസംബര്‍ 15ന് മുമ്പായി യൂണിയന്‍ ജില്ലാ കമ്മിറ്റി ഒാഫീസില്‍ (പ്രസ് ക്ലബ്) അടക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

എന്‍ രാജേഷ്
സെക്രട്ടറി