ലോക കേള്‍വി ദിനം- മാധ്യമശില്പശാല

കോഴിക്കോട്: മൊബൈല്‍ ഫോണിലൂടെയുള്ള ശബ്ദമലിനീകരണവും മൊബൈലിന്റെ അമിതോപയോഗം മൂലമുള്ള മാഗ്നെറ്റിക് റേഡിയേഷനും കേള്‍വിക്കുറവുള്ള പുതിയ തലമുറയെ സൃഷ്ടിക്കുകയാണെന്ന് ഇന്ത്യന്‍ സ്പീച് ലാംഗ്വേജ് ആന്‍ഡ് ഹിയറിംഗ് അസോസിയേഷന്‍ കേരള സംസ്ഥാന ബ്രാഞ്ച് (ഐ എസ് എച്ച് എ-കെഎസ്ബി) പ്രസിഡന്റ് ഡോ.പ്രേം. ജി.
ലോക കേള്‍വി ദിനത്തിന്റെ മുന്നോടിയായി ഐ എസ് എച്ച് എ- കെ എസ് ബിയും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഈ മാസം മൂന്നിന് ആചരിക്കുന്ന കേള്‍വി ദിനത്തിന്റെ പ്രമേയം ഭാവിയെ കേള്‍ക്കുക എന്നതാണ്. വരും ദശകങ്ങളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണത്തില്‍ വരാന്‍ സാധ്യതയുള്ള വര്‍ദ്ധനവിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഭാവിയെ കേള്‍ക്കുക എന്ന പ്രമേയം.
 ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്ന സാഹചര്യം കേള്‍വിയെ നശിപ്പിക്കും. മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ചുള്ള തുടര്‍ച്ചയായ സംഗീതാസ്വാദനം കേള്‍വിക്കുറവിന് നിദാനമാകും.
കുട്ടികളിലെ ഇയര്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിക്കണം.
ആധുനികവത്കരണവും വ്യവസായവത്കരണവും മൂലമുണ്ടായ ശബ്ദകോലാഹലം മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ കേള്‍വി ശക്തിയെയും ബാധിച്ചിരിക്കുന്നു.
ശ്രീരാജ് കെ (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിംഗ് ലെക്ചറര്‍, മൈസൂര്‍), പി ശശിധരന്‍ (കേള്‍വി പരിശോധനാ വിദഗ്ധന്‍), സമീര്‍ പൂത്തേരി (കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍), സുരേഷ് ടി എന്‍ (കോഴിക്കോട് ജനറല്‍ ഹോസ്്പിറ്റല്‍ ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ്) എന്നിവര്‍ ക്ലാസ് നയിച്ചു. കേരളത്തില്‍ ആദ്യമായി കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയയായ ഫിദ ഫെബിന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഐ എസ് എച്ച് എ-കെ എസ്ബി ജനറല്‍ സെക്രട്ടറി ജാബിര്‍ പി എം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ് സംസാരിച്ചു.
0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *