ആവേശക്കടലില്‍ റൊണാള്‍ഡീഞ്ഞോ

കോഴിക്കോട്:കാല്‍പ്പന്തുകളിയുടെ ഇതിഹാസം റോണാള്‍ഡീഞ്ഞോക്ക് സിരകളില്‍ ഫുട്‌ബോള്‍ ലഹരിയുമായി ജീവിക്കുന്നവരുടെ നാട്ടില്‍ രാജകീയ വരവേല്‍പ്പ്. സ്വപ്‌നത്തിലെന്ന പോലെ മുന്നിലേക്കെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ കോഴിക്കോടന്‍ ശൈലിയില്‍ തന്നെ ആരാധകര്‍ സ്‌നേഹം കൊണ്ട് വിര്‍പ്പുമുട്ടിച്ചു. ഇന്നലെ വൈകിട്ട് ആറിന് കോഴിക്കോട് കടപ്പുറത്ത് എത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും 7.20 ഓടെയാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ ജനസാഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പൊള്ളുന്ന വെയില്‍ച്ചൂട് കാര്യമാക്കാതെ ഉച്ചയോടെ തന്നെ പതിനായിരങ്ങള്‍ കടപ്പുറത്ത് എത്തിച്ചേര്‍ന്നു. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ മറികടക്കുന്ന രീതിയിലുള്ള ഒഴുക്കിന് തന്നെയാണ് കടപ്പുറം സാക്ഷ്യം വഹിച്ചത്. 7.20 ഓടെ സ്വതസിദ്ധമായ ചിരിയോടെ വേദിയിലേക്ക് റോണാള്‍ഡീഞ്ഞോ നടന്നുകയറിയപ്പോള്‍ എല്ലാ അതിരുകളും ആവേശത്തിന് മുന്നില്‍ പൊട്ടിച്ചിതറി. ആയിരത്തോളം വരുന്ന പോലീസുകാരുടെ നിയന്ത്രണങ്ങള്‍ക്കും ഫുട്‌ബോള്‍ ഇതിഹാസത്തോടുള്ള ആവേശത്തെ പിടിച്ചുനിര്‍ത്താനായില്ല. പലപ്പോഴും പോലീസിന് ലാത്തി വീശേണ്ടിവന്നു. സ്റ്റേജില്‍ അര മണിക്കൂര്‍ മാത്രമേ ചെലവഴിച്ചുള്ളൂവെങ്കിലും ഈ സമയമത്രയും തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് കൈവീശി അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു റോണാള്‍ഡീഞ്ഞോ. തനിക്ക് മുന്നിലുള്ള ജനസഞ്ചയത്തെ കൂടെ ചേര്‍ത്ത് സെല്‍ഫിയെടുക്കാനും താരം സമയം കണ്ടെത്തി. ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വഴി ഇന്നലെ രാവിലെ 10ന് കരിപ്പൂരിലെത്തിയ റൊണാഡീഞ്ഞോക്ക് വിമാനത്താവളത്തില്‍ ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. റോണാള്‍ഡീഞ്ഞോയെ കാണാന്‍ റോഡിന് ഇരുവശവും നൂറ് കണക്കിനാളുകളാണ് രാവിലെ മുതല്‍ കാത്തു നിന്നത്. കടവ് റിസോര്‍ട്ടില്‍ വിശ്രമിച്ച ശേഷമാണ് വൈകിട്ട് കടപ്പുറത്ത് എത്തിച്ചേര്‍ന്നത്. ഒരു കാലത്ത് മലബാറിന്റെ ഫുട്‌ബോള്‍ ആവേശമായ നാഗ്ജി ട്രോഫിക്ക് രണ്ട് പതിറ്റാണ്ടിന് ശേഷം തുടക്കം കുറിക്കാനിയരുന്നു റോണാള്‍ഡീഞ്ഞോയെത്തിയത്. നാഗ്ജി ട്രോഫി സേഠ് നാഗ്ജിയുടെ കുടംബാംഗങ്ങളില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങുകയും ഫുട്‌ബോള്‍ സ്ഘാടകര്‍ക്ക് കൈമാറുകയും ചെയ്തു. സേഠ് നാഗ്ജിയുടെ കുടംബാംഗങ്ങളായ സന്ദീപ് മേത്ത, നിമീഷ് മേത്ത, ചിരാഗ് മേത്ത, മനോജ് മേത്ത എന്നിവരാണ് ട്രോഫി റൊണാള്‍ഡീഞ്ഞോക്ക് കൈമാറിയത്. മോദിയാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, എ പ്രദീപ്കുമാര്‍ എം എല്‍ എ, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സിദ്ദീഖ് അഹമ്മദ്, ഫുട്‌ബോള്‍ ഫോര്‍ പീസ് സ്ഥാപകന്‍ കാഷിഫ് സിദ്ദീഖി സംബന്ധിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് വയസ്സുകാരന്‍ അനസിന് റോണാള്‍ഡീഞ്ഞോ തന്റെ ഒപ്പുപതിപ്പിച്ച ഫുട്‌ബോള്‍സമ്മാനിച്ചു. 7 50 മണിയോടെ വേദിയില്‍ നിന്നിറങ്ങിയ റോണാള്‍ഡീഞ്ഞോ താമസമൊരുക്കിയ കടവ് റിസോര്‍ട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ ഒമ്പതിന് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിക്കുന്ന റോണാള്‍ഡീഞ്ഞോ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്കും അവിടെ നിന്ന് ദുബൈയിലേക്കും മടങ്ങും.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *