നവ മാധ്യമങ്ങളെ ഭീഷണിയായി കാണരുത്: സി രാധാകൃഷ്ണന്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയെ ഭീഷണിയായി കാണാതെ അതിന്റെ സാധ്യതകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി രാധാകൃഷ്ണന്‍. വാര്‍ത്തകള്‍ വില്‍പനക്കുള്ളതാകുമ്പോള്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ പരാജയപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയും കാലിക്കറ്റ് പ്രസ്‌ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ‘മീഡിയ നാളെ’ എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മാധ്യമവും മറ്റൊരു മാധ്യമത്തിന്  ഭീഷണിയല്ല. സാങ്കേതികരംഗത്ത് വളര്‍ച്ചയുണ്ടാകുന്നതനുസരിച്ച് മാധ്യമരീതികളില്‍ മാറ്റം വരുന്നു. മുന്‍ കാലങ്ങളില്‍ ആകാശവാണിയായിരിക്കും പത്രങ്ങളുടെ പ്രചാരം കുറക്കുകയെന്ന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ആകാശവാണി പ്രചാരം കൂടിയതിനൊപ്പം പത്രങ്ങളുടെ പ്രചാരവും കൂടി. പിന്നീട് ടിവിയുടെ പ്രചാരത്തോടെ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവിനേയും പത്രങ്ങള്‍ ആശങ്കയോടെ കണ്ടു. എന്നാല്‍ ഇതിനേയും അതിജീവിച്ചു. ഇപ്പോള്‍ നവമാധ്യമങ്ങള്‍ കടന്നുവരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ വ്യവസായമായി മാറിയെങ്കിലും സോഷ്യല്‍ മീഡിയയുടെ രംഗപ്രവേശത്തോടെ നവമാധ്യമങ്ങള്‍ക്കു സ്വയം മാധ്യമസ്ഥാപനമായി മാറാനുള്ള സൗകര്യവും സാഹചര്യങ്ങളുമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ടൊക്കെ മാധ്യമപ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദാഹത്തിന്റെ, സാമൂഹ്യപരിഷ്‌കരണത്തിന്റെ കടമകളാണ് നിര്‍വഹിച്ചതെങ്കില്‍ ഇന്ന് പ്രഫഷണലിസത്തിന്റെ കടന്നുവരവോടെ സൂക്ഷ്മതയേക്കാള്‍ ഇംപാക്ടിനാണ് പ്രധാന്യമെന്ന സ്ഥിതി കൈവന്നിരിക്കുന്നു. സംഘടിതമായ മാധ്യമപ്രവര്‍ത്തനം വ്യവസായമായതോടെ വാര്‍ത്ത ഒരു ഉല്‍പന്നമായി മാറി. നല്‍കുന്ന വാര്‍ത്തകള്‍ വായിക്കാനോ വില്‍ക്കാനോ എന്നതായി സ്ഥിതി. ഇതോടെ  വായനക്കാരനേയും പത്രപ്രവര്‍ത്തകരേയും നിയന്ത്രിക്കുന്ന അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ത്തകളുടെ സത്യസന്ധത ഉറപ്പുവരുത്തേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ ആത്യന്തിക ഉത്തരവാദിത്തമാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു.
കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, ഏഷ്യാനെറ്റ് റീജ്യണല്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, മെല്‍ജോ തോമസ് ക്ലാസെടുത്തു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ജോ.സെക്രട്ടറി കെ സി റിയാസ് നന്ദിയും പറഞ്ഞു.
സമാപന സെഷനില്‍ ക്യാമ്പ് ഡയരക്ടര്‍ കൂടിയായ എന്‍ പി ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. ഐ സി ജെ ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്‍, പ്രസ്‌ക്ലബ്ബ് ട്രഷറര്‍ പി വിപുല്‍നാഥ്, വൈസ് പ്രസിഡന്റ് ഇ പി മുഹമ്മദ് സംസാരിച്ചു.
0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *