madhyama-seminar

കോടതിയിലെ മാധ്യമവിലക്കിന് ജഡ്ജിമാര്‍ക്കും പങ്ക്: ഡോ. സെബാസ്റ്റിയന്‍ പോള്‍

madhyama-seminar

‘മീഡിയ ഫ്രീഡം’ ഏകദിന സെമിനാര്‍- ഉദ്ഘാടനം ശ്രീ. സബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിക്കുന്നു. ശ്രീ.എന്‍. രാജേഷ്. പി.എ. അബ്ദുള്‍ ഗഫൂര്‍, കമാല്‍ വരദൂര്‍, എന്‍.പി. രാജേന്ദ്രന്‍. അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, പി. വിപുല്‍ നാഥ് എന്നിവര്‍ വേദിയില്‍

കോഴിക്കോട്: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നില്‍ ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍. രാജ്യചരിത്രത്തിലില്ലാത്ത രീതിയിലുള്ള മാധ്യമ വിലക്കിന് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്.  കോടതികളിലെ മാധ്യമ വിലക്കിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍. ഭരണനിര്‍വഹണവും നീതിന്യായ വ്യവസ്തയും ഇന്ന് മാധ്യമപ്രവര്‍ത്തനത്തിനെതിരാണ്.
മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യം മന:സമാധാനമുണ്ടാക്കുന്നുണ്ടെന്നാണ് ഒരു യോഗത്തില്‍ ഹൈകോടതിയിലെ ജഡ്ജി അഭിപ്രായപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍  വ്യാപകമായ ശ്രമമുണ്ടായിരുന്നു. എന്നാല്‍,  വാര്‍ത്താ ശേഖരണത്തിനും എഴുത്തിനും തടസമുണ്ടായിരുന്നില്ല. അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം.  ഇന്ന് വാര്‍ത്താശേഖരണത്തിനുപോലും അനുവദിക്കുന്നില്ല. വാര്‍ത്തകളെ അവയുടെ സ്രോതസില്‍ തന്നെ തടയുകയാണ്. ഇപ്പോള്‍ കോടതികളില്‍ ജനങ്ങള്‍ക്കു വേണ്ടി നിരീക്ഷിക്കാന്‍ മാധ്യമങ്ങളില്ല. കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തു കളിക്കും കൂട്ടുനില്‍ക്കുന്ന  ജഡ്ജിമാരുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് കോടതികളില്‍ നിശബ്ദ ഒത്തുകളികള്‍ വ്യാപകമാണ്.  മാധ്യമങ്ങള്‍ക്ക് കോടതിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് കാരണം മാധ്യമങ്ങള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ പ്രശ്‌നമൊന്നുമുണ്ടായിട്ടില്ല.ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍  ഒറ്റ പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല.  അതേസമയം നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണെന്നും അതിന്റെ ഗൗരവം വളരെ വലുതാണെന്നും  ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അഭിഭാഷകരെ താന്‍ ഗുണ്ടകളെന്ന് വിളിച്ചുവെന്നായിരുന്നു തനിക്കെതിരെ അഭിഭാഷക സംഘടനക്കാര്‍ ഉന്നയിച്ച ആരോപണം.എന്നാല്‍ താന്‍ അന്ന് അങ്ങിനെ വിളിച്ചിട്ടില്ല. എന്നാല്‍ ഇന്ന് താന്‍ അഭിഭാഷക ഗുണ്ടകളെന്ന് വിളിക്കുകയാണ്.ഇപ്പോള്‍ അനുരഞ്ജനത്തിനായി ജഡ്ജിമാരും അഭിഭാഷകരും തയ്യാറാക്കിയ വ്യവസ്ഥ പ്രകാരം കോടതി റിപ്പോര്‍ട്ട് സാധ്യമാകില്ല. നമ്മുടെ സ്വാതതന്ത്ര്യം ജഡ്ജിമാരെ ആശ്രയിച്ചല്ലെന്ന് ഓര്‍ക്കണം. കോടതികളിലെ മാധ്യമ  വിലക്ക് ആസൂത്രണം ചെയ്തതാണെന്ന് അന്വേഷിക്കണമെന്നും ഡോ സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.

ന്യായാധിപന്‍മാര്‍ ആഗ്രഹിക്കുന്നത് കൈയടി മാത്രമാണെന്നും സമൂഹത്തിന്റെ ചാലക ശക്തികളാവേണ്ട രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള വെല്ലുവിളി ജനങ്ങള്‍ക്കു ദോഷം മാത്രമേ ചെയ്യുവെന്നും തുടര്‍ന്ന് സംസാരിച്ച അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്‍.പി. രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും ട്രഷറര്‍ പി. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *