ഹൈകോടതി സര്‍ക്കുലര്‍ ഗുണകരമല്ല – കേരള പത്രപ്രവര്‍ത്തക യൂണിയന്‍

kuwj-emblelm-copyതൃശൂര്‍: ഹൈകോടതി പുറത്തിറക്കിയ സര്‍ക്കുലര്‍ സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിന് ഗുണകരമാകില്‌ളെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇത് സഹായിക്കൂ. ഇത്തരം നിയമങ്ങള്‍ വെച്ച് ഹൈകോടതി റിപ്പോര്‍ട്ടിങ് നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കില്ല. സുഗമമായ മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ നിയമമാകണം ഹൈകോടതി നടപ്പാക്കേണ്ടത്. ഇത്തരം നിയന്ത്രണങ്ങളിലൂടെയുള്ള വിലക്കുകള്‍ക്ക് കേരള സമൂഹമാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരുടെ ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ചാണ് ഹൈകോടതി സര്‍ക്കുലര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഹൈകോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്ന് മാറ്റണമെന്ന ആവശ്യമാണ് മുമ്പ് അഭിഭാഷകര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ല. ജഡ്ജിമാരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് അക്രഡിറ്റേഷന്‍ നല്‍കുകയെന്ന് പറയുന്നു. അപ്രിയമുള്ളവരെ ഒഴിവാക്കാനുള്ള ശ്രമമായി മാത്രമേ സര്‍ക്കുലറിനെ കാണാന്‍ സാധിക്കൂ. ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി എന്നിവരെല്ലാം ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് ഈ വിഷയത്തില്‍ അഭിഭാഷകര്‍ കൈക്കൊണ്ടത്.

കൂടിയാലോചനകളിലൂടെ മാധ്യമ പ്രവര്‍ത്തനം സുഗമമാക്കാനുള്ള നടപടികള്‍ ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. മാധ്യമത്തൊഴിലാളികളുടെ തൊഴില്‍ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയനുകള്‍ രംഗത്തത്തെിയിട്ടുണ്ട്. അതിന്റെ ഭാഗമായി 24ന് എറണാകുളത്ത് ബഹുജന കണ്‍വെന്‍ഷന്‍ നടക്കുമെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ ജോയ് എം. മണ്ണൂര്‍, എം.വി. ഫിറോസ്, ജില്ല വൈസ് പ്രസിഡന്റ് എം.വി. വിനീത എന്നിവരും സന്നിഹിതരായിരുന്നു.

ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രസ്താവന : മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അവകാശം സംരക്ഷിക്കണം

തിരുവനന്തപുരം: നവംബര്‍11: സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍, തൊഴിലെടുക്കുന്നവര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന്, ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്‌കൃതവുമായ നടപടിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അവകാശം സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസും, കേരള മുഖ്യമന്ത്രിയും സംശയരഹിതമായി വ്യക്തമാക്കിയിട്ടും അഭിഭാഷകരില്‍ ഒരു വിഭാഗം കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അപലപനീയമാണ്.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഒരാളുടെയും ഔദാര്യമല്ല. എല്ലാവര്‍ക്കും നിയമപരിരക്ഷയും നീതിയും ഉറപ്പാക്കുന്ന കോടതികള്‍ കയ്യൂക്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വേദിയാക്കുന്ന അഭിഭാഷകരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നില്ല. ന്യായാധിപരും സര്‍ക്കാരും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടും എങ്ങിനെയാണ് ഒരു പറ്റം അഭിഭാഷകര്‍ക്ക് അവരുടെ കാട്ടുനീതി തുടരാന്‍ കഴിയുന്നത്.
എല്ലാ വിഭാഗം തൊഴിലാളികളും അവരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ പോരാടിയിട്ടുള്ളവരാണ്. മാധ്യമപ്രവര്‍ത്തകരും അവരുടെ തൊഴിലാണ് ചെയ്യുന്നത്. സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കരുത് എന്ന് പറയാന്‍ അഭിഭാഷകര്‍ക്കെന്താണവകാശം? കോടതി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണോ?
നിയമജ്ഞര്‍ തന്നെ നിയമം ലംഘിക്കുന്ന അപൂര്‍വ കാഴ്ചയാണ് കുറെ ദിവസങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ക്കാവില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. സ്വതന്ത്രമായും, നിര്‍ഭയമായും ജോലി ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പ്രത്യക്ഷമായ പ്രക്ഷോഭപരിപാടികളുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തിറങ്ങാനും തീരുമാനിച്ചിരിക്കുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ട്രേഡ് യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പ്രക്ഷോഭത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കല്ലെന്ന് എല്ലാവരെയും ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

1. എളമരം കരീം                                     2. കെ പി രാജേന്ദ്രന്‍                                             3. ആര്‍. ചന്ദ്രശേഖരന്‍
ജനറല്‍ സെക്രട്ടറി                                     ജനറല്‍ സെക്രട്ടറി                                                   പ്രസിഡന്റ്
സിഐടിയുസംസ്ഥാനകമ്മിറ്റി                  എഐടിയുസി സംസ്ഥാനകമ്മിറ്റി                          ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി

4. അഹമ്മദ്കുട്ടി ഉണ്ണികുളം                     5. എം.കെ. കണ്ണന്‍                                                6. തോമസ് ജോസഫ് .
പ്രസിഡന്റ്                                              ജനറല്‍ സെക്രട്ടറി                                                   ജനറല്‍ സെക്രട്ടറി
എസ്ടിയു സംസ്ഥാന കമ്മിറ്റി                   എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി                          യുടുയുസി സംസ്ഥാന കമ്മിറ്റി

 ആര്‍.കെ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു 

n-p-chekkutty

കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടന്ന ആര്‍.കെ നമ്പ്യാര്‍ അനശോചന യോഗത്തില്‍ തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി സംസാരിക്കുന്നു. പി വിപുല്‍നാഥ്, ഇ.പി മുഹമ്മദ്, കമാല്‍ വരദൂര്‍, എന്‍ രാജേഷ്, സി.എം.കെ പണിക്കര്‍, ഹരിദാസന്‍ പാലയില്‍ സമീപം

കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍.കെ നമ്പ്യാരുടെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. സോഷ്യലിസ്റ്റ് ചിന്താധാരയുടെ അനുകര്‍ത്താവായ നമ്പ്യാര്‍ പത്രപ്രവര്‍ത്തനം സത്യസന്ധമായ സേവനമായി കണ്ട വ്യക്തിത്വമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി.എം.കെ പണിക്കര്‍, ഹരിദാസന്‍ പാലയില്‍, കെ.പി വിജയകുമാര്‍, മമ്മദ് കോയ കെ കിണാശ്ശേരി, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, കെ നീനി, കെ ബാബുരാജ്, കെ.വി കുഞ്ഞിരാമന്‍, പ്രസ്‌ക്ലബ് ഓഫിസ് സെക്രട്ടറി എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും ട്രഷറര്‍ പി വിപുല്‍നാഥ് നന്ദിയും പറഞ്ഞു..

ജേണലിസം പി.ജി. ഡിപ്ലോമ: ഫലം പ്രസിദ്ധീകരിച്ചു

rankholders

ഒന്നാം റാങ്ക് നേടിയ കെ. അനൂപ്ദാസ് രണ്ടാം റാങ്ക് നേടിയ ഡിജോ ജാക്‌സണ്‍ എന്നിവര്‍

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ്‌ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2015-’16 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.
1200-ല്‍ 947 മാര്‍ക്ക് ലഭിച്ച കെ. അനൂപ്ദാസിനാണ്് ഒന്നാം റാങ്ക്. 895 മാര്‍ക്കോടെ ഡിജോ ജാക്‌സണ്‍ രണ്ടാം റാങ്കിനര്‍ഹനായി. പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കോണ്‍വൊക്കേഷന്‍ സംബന്ധിച്ച വിവരം വിദ്യാര്‍ത്ഥികളെ നേരിട്ട് അറിയിക്കും. മാര്‍ക്ക് ലിസ്റ്റ് നവംബര്‍ 1 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിക്കും.

‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു

photo-blog-release

കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ‘ടര്‍ബുലന്റ് ലെന്‍സ്’ ചിത്രപ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്് പ്രദര്‍ശനചിത്രങ്ങളടങ്ങിയ ബ്ലോഗിന്റെ പ്രകാശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ ജയിംസ് ആര്‍പ്പൂക്കര, പി. വിശ്വനാഥ്, വി. ആലി, പി. മുസ്തഫ, പി. രാമചന്ദ്രന്‍, ചോയിക്കുട്ടി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വൈസ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ് എന്നിവര്‍ സമീപം .

കോഴിക്കോട് :  കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ തിരഞ്ഞെടുത്ത 120 വാര്‍ത്താ ചിത്രങ്ങളടങ്ങിയ ‘ടര്‍ബുലന്റ് ലെന്‍സ്’ പ്രദര്‍ശനം സമാപിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനചിത്രങ്ങളടങ്ങിയ ബ്ലോഗിന്റെ calicutphotos.blogspot.in പ്രകാശനത്തോടെയായിരുന്നു സമാപനം. കഴിഞ്ഞ പ്രദര്‍ശനത്തിലെയും കൂടി 250ഓളം ഫോട്ടോകളാണ് ബ്ലോഗിലുണ്ടാകുക. സംഭവങ്ങളുടെ ത്രിമാനതലങ്ങള്‍ വാക്കുകള്‍ക്കപ്പുറത്തേക്ക് എത്തിക്കുന്ന മികച്ച ചിത്രങ്ങളാണ് ബ്ലോഗിലുള്ളത്. ഫോട്ടോജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് ഈ ചിത്രങ്ങള്‍ പഠനത്തിനു ഏറെ പ്രയോജകരമായിരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രദര്‍ശനം കണ്ടിറങ്ങിയ മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞിരുന്നു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ ചോയിക്കുട്ടി, പി. വിശ്വനാഥ്, പി. മുസ്തഫ, വി. ആലി, ജയിംസ് ആര്‍പ്പൂക്കര, പി. രാമചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ആദരം ഏറ്റുവാങ്ങിയ ഫോട്ടോഗ്രാഫര്‍മാരും മേയറുമാണ് ബ്ലോഗിന്റെ പ്രകാശനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും പ്രദര്‍ശനം കണ്ടവരുടെ ആവശ്യമാണ് ബ്ലോഗ് എന്ന ആശയം നടപ്പാക്കിയത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് ഇവ ഡൗണ്‍ലോഡും ചെയ്യാം. അ?ഞ്ച് ദിവസം നീണ്ടു നിന്ന പ്രദര്‍ശനം കാണാന്‍ ഒട്ടേറെപ്പേരാണ് എത്തിയത്. അടുത്തതായി ബെംഗുളുരുവിലെ സ്വകാര്യ കോളജില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ പഠനത്തിനായി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി വിട്ടുതരുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ ദ സ്‌പോട്ട് ഫോട്ടോഗ്രാഫി മല്‍സരത്തില്‍ വിജയിച്ച എന്‍.പി. ജയന്‍ സ്‌കൂള്‍ ഓഫ് ഫോട്ടോജേര്‍ണലിസത്തിലെ വിദ്യാര്‍ഥി കെ. വിശ്വജിത്തിനു മേയര്‍ സമ്മാനം നല്‍കി. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം കണ്‍വീനര്‍ റസല്‍ ഷാഹുല്‍ ബ്ലോഗ് പരിചയപ്പെടുത്തി. ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം കണ്‍വീനര്‍ രാജേഷ് മേനോന്‍, ഇ.പി. മുഹമ്മദ്, കെ.എസ്. പ്രവീണ്‍ കുമാര്‍, രമേശ് കോട്ടൂളി എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

kuwj-sammelanm-eranakulam

കൊച്ചി: കോടതിയില്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്നത് നിയമ ലംഘനമാണ്. അഭിഭാഷകര്‍ അതിരുവിട്ടാല്‍ അത് തടയാന്‍ സര്‍ക്കാറിന് ഇടപെടേണ്ടി വരും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ അമ്പത്തിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല. കോടതി ഈ രാജ്യത്തിന്റേതാണ്. ജുഡീഷ്യറിക്കാണ് കോടതി നടത്തിപ്പിന്റെ അവകാശം. ആ അവകാശം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞു. പത്ര നടത്തിപ്പ് രാജ്യ സേവനമായിരുന്നു. ഇന്നത് ബിസിനസായി മാത്രം മാറുന്നു. പത്രപ്രവര്‍ത്തനത്തിലും മൂല്യത്തകര്‍ച്ചയുണ്ടായിരിക്കുന്നു. ഇത് പരിഹരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം.

‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വാര്‍ത്താ ചിത്ര പ്രദര്‍ശനം ‘ടര്‍ബുലന്റ് ലെന്‍സ്’ ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീനിവാസന്റെ ഫോട്ടോ എടുത്തുകൊണ്ട് പുനലൂര്‍ രാജന്‍ ‘ടര്‍ബുലന്റ് ലെന്‍സ്’ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. എക്‌സിബിഷന്‍ കണ്‍വീനര്‍ റസല്‍ ഷാഹുല്‍ പ്രദര്‍ശനത്തെ കുറിച്ച് ആമുഖപ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് ശരത്ചന്ദ്രന്‍ ആശംസ അറിയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും കണ്‍വീനര്‍ രാജേഷ് മേനോന്‍ നന്ദിയും പറഞ്ഞു.
പ്രദര്‍ശനം 17 വരെ. പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രഫര്‍മാരുടെ തിരഞ്ഞെടുത്ത 120 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.exhibition-inaugurationexhibition-photos-7exhibition-photos-7exhibition-photos-26exhibition-photos-20

കോടതിയിലെ മാധ്യമവിലക്കിന് ജഡ്ജിമാര്‍ക്കും പങ്ക്: ഡോ. സെബാസ്റ്റിയന്‍ പോള്‍

madhyama-seminar

‘മീഡിയ ഫ്രീഡം’ ഏകദിന സെമിനാര്‍- ഉദ്ഘാടനം ശ്രീ. സബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിക്കുന്നു. ശ്രീ.എന്‍. രാജേഷ്. പി.എ. അബ്ദുള്‍ ഗഫൂര്‍, കമാല്‍ വരദൂര്‍, എന്‍.പി. രാജേന്ദ്രന്‍. അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, പി. വിപുല്‍ നാഥ് എന്നിവര്‍ വേദിയില്‍

കോഴിക്കോട്: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നില്‍ ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍. രാജ്യചരിത്രത്തിലില്ലാത്ത രീതിയിലുള്ള മാധ്യമ വിലക്കിന് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്.  കോടതികളിലെ മാധ്യമ വിലക്കിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍. ഭരണനിര്‍വഹണവും നീതിന്യായ വ്യവസ്തയും ഇന്ന് മാധ്യമപ്രവര്‍ത്തനത്തിനെതിരാണ്.
മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യം മന:സമാധാനമുണ്ടാക്കുന്നുണ്ടെന്നാണ് ഒരു യോഗത്തില്‍ ഹൈകോടതിയിലെ ജഡ്ജി അഭിപ്രായപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ കടിഞ്ഞാണിടാന്‍  വ്യാപകമായ ശ്രമമുണ്ടായിരുന്നു. എന്നാല്‍,  വാര്‍ത്താ ശേഖരണത്തിനും എഴുത്തിനും തടസമുണ്ടായിരുന്നില്ല. അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം.  ഇന്ന് വാര്‍ത്താശേഖരണത്തിനുപോലും അനുവദിക്കുന്നില്ല. വാര്‍ത്തകളെ അവയുടെ സ്രോതസില്‍ തന്നെ തടയുകയാണ്. ഇപ്പോള്‍ കോടതികളില്‍ ജനങ്ങള്‍ക്കു വേണ്ടി നിരീക്ഷിക്കാന്‍ മാധ്യമങ്ങളില്ല. കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തു കളിക്കും കൂട്ടുനില്‍ക്കുന്ന  ജഡ്ജിമാരുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് കോടതികളില്‍ നിശബ്ദ ഒത്തുകളികള്‍ വ്യാപകമാണ്.  മാധ്യമങ്ങള്‍ക്ക് കോടതിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് കാരണം മാധ്യമങ്ങള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ പ്രശ്‌നമൊന്നുമുണ്ടായിട്ടില്ല.ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍  ഒറ്റ പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല.  അതേസമയം നഷ്ടം മുഴുവന്‍ പൊതുസമൂഹത്തിനാണെന്നും അതിന്റെ ഗൗരവം വളരെ വലുതാണെന്നും  ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അഭിഭാഷകരെ താന്‍ ഗുണ്ടകളെന്ന് വിളിച്ചുവെന്നായിരുന്നു തനിക്കെതിരെ അഭിഭാഷക സംഘടനക്കാര്‍ ഉന്നയിച്ച ആരോപണം.എന്നാല്‍ താന്‍ അന്ന് അങ്ങിനെ വിളിച്ചിട്ടില്ല. എന്നാല്‍ ഇന്ന് താന്‍ അഭിഭാഷക ഗുണ്ടകളെന്ന് വിളിക്കുകയാണ്.ഇപ്പോള്‍ അനുരഞ്ജനത്തിനായി ജഡ്ജിമാരും അഭിഭാഷകരും തയ്യാറാക്കിയ വ്യവസ്ഥ പ്രകാരം കോടതി റിപ്പോര്‍ട്ട് സാധ്യമാകില്ല. നമ്മുടെ സ്വാതതന്ത്ര്യം ജഡ്ജിമാരെ ആശ്രയിച്ചല്ലെന്ന് ഓര്‍ക്കണം. കോടതികളിലെ മാധ്യമ  വിലക്ക് ആസൂത്രണം ചെയ്തതാണെന്ന് അന്വേഷിക്കണമെന്നും ഡോ സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.

ന്യായാധിപന്‍മാര്‍ ആഗ്രഹിക്കുന്നത് കൈയടി മാത്രമാണെന്നും സമൂഹത്തിന്റെ ചാലക ശക്തികളാവേണ്ട രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള വെല്ലുവിളി ജനങ്ങള്‍ക്കു ദോഷം മാത്രമേ ചെയ്യുവെന്നും തുടര്‍ന്ന് സംസാരിച്ച അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്‍.പി. രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും ട്രഷറര്‍ പി. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.

ഉയര്‍ത്തിപ്പിടിക്കുക മാധ്യമ സ്വാതന്ത്ര്യം

സെബാസ്റ്റിയന്‍ പോള്‍

കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 15 ന് എറണാകുളത്ത് നടക്കുകയാണല്ലോ… ‘അറിയാനുള്ള അവകാശം വിലക്കുന്നവര്‍ക്കെതിരെ നാവുമരമായി മാറുക’ എന്നതാണ് നമ്മുടെ സമ്മേളന മുദ്രാവാക്യം. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുളള സമീപകാല കടന്നു കയറ്റം നമ്മുടെ തൊഴില്‍ മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെ ആസ്പദമാക്കി “മീഡിയ ഫ്രീഡം” എന്ന പേരില്‍ ഏകദിന സെമിനാര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുകയാണ്. ഒക്ടോബര്‍ 12ന് ബുധന്‍ രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ പ്രമുഖ കോളമിസ്റ്റും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ ശ്രി.സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകന്‍ പി.എസ് ശ്രീധരന്‍ പിള്ള, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട്് പി.എ. അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

വാര്‍ത്താ ചിത്ര പ്രദര്‍ശനം ‘ടര്‍ബുലന്റ് ലെന്‍സ്’ ഒക്ടോബര്‍ 13 മുതല്‍ 17 വരെ

ബ്രോഷര്‍ നടന്‍ ശ്രീനിവാസന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്തുകൊണ്ട് പ്രകാശനം ചെയ്യുന്നു.

ബ്രോഷര്‍ നടന്‍ ശ്രീനിവാസന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്തുകൊണ്ട് പ്രകാശനം ചെയ്യുന്നു.

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്നവാര്‍ത്താ ചിത്ര പ്രദര്‍ശനം ടര്‍ബുലന്റ് ലെന്‍സ് 13 മുതല്‍ 17 വരെ കോഴിക്കോട് ലളിത കലാ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. പത്ര സ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ തെരഞ്ഞെടുത്ത 120 വാര്‍ത്താ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. ബ്രോഷര്‍ നടന്‍ ശ്രീനിവാസന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്തുകൊണ്ട് പ്രകാശനം ചെയ്തു.